അവളുടെ നിശ്ശബ്ദമായ കോറിഡോർ

അവളുടെ നിശ്ശബ്ദമായ കോറിഡോർ
==================================
പന്ത്രണ്ടേ കാൽ - അതാണ് അപ്പോയ്ന്റ്മെന്റ് കാർഡിൽ കഴിഞ്ഞ തവണ എഴുതി തന്നത് . ഓരോ ആഴ്ചയും മരുന്നിനുള്ള കുറിപ്പടി വാങ്ങാൻ പോകുന്നത് തന്നെ ഇപ്പോൾ വലിയ ഒരു ജോലി പോലെ തോന്നി തുടങ്ങി .
അങ്ങനെയാണ് അവൾ ചില ദിവസങ്ങൾ മനപൂർവ്വം മരുന്ന് കഴിക്കുന്നത് തന്നെ മുടക്കാൻ തുടങ്ങിയത് .
ആദ്യമൊന്നും വലിയ വ്യത്യാസം തോന്നിയില്ല . പക്ഷെ ഇന്നലെ .....എല്ലാം കൈവിട്ടു പോയി ...നിയന്ത്രിക്കാനാവാത്ത ദേഷ്യം കൊണ്ട് സ്വയം വലിഞ്ഞു പൊട്ടുന്ന അവസ്ഥ സഹിക്കാൻ കഴിയാത്തതായിരുന്നു .
അവൾ ഒരു തവണ കൂടി വാച്ചിൽ നോക്കിയപ്പോൾ പന്ത്രണ്ടര കഴിഞ്ഞിരുന്നു .
എത്ര ബുദ്ധിമുട്ടിയാണ് വീട്ടിൽ നിന്ന് ഒന്ന് പുറത്തിറങ്ങാൻ പറ്റിയത് .
രാവിലെ മുതൽ മയക്കത്തിൽ ഉണർന്നും ഉറങ്ങിയും മുറിഞ്ഞു കണ്ട സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചും മതിയായിരുന്നില്ല ...
പക്ഷെ ഇനിയെങ്കിലും മരുന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഇന്നലത്തെ പോലെ കത്തിപ്പടരുന്ന ദേഷ്യം , സ്വയം നശിപ്പിച്ചു കളഞ്ഞേക്കും .കൂടെ മറ്റുള്ളവരെയും ....
ഇത് വരെ പിടിച്ചു നിന്നു . അത് സ്വന്തം മനഃശക്തിയിൽ ആണെന്ന് കരുതിയ താൻ എത്ര മണ്ടിയാണ് ....
മൂന്നു നാലു സീറ്റിനപ്പുറം ഒരു മനുഷ്യൻ ഇരിപ്പുണ്ട് . പരസ്പരം കണ്ടിട്ടും , ഔപചാരികമായ ഒരു പുഞ്ചിരി പോലും വരാത്ത സ്ഥലത്താണല്ലോ ഇപ്പോൾ ....
ആയാളും അവളെ അത് പോലെ തന്നെ അവഗണിച്ചിച്ചിരിക്കുകയായിരുന്നു എന്ന് സ്പഷ്ടം .
ഇല്ലെങ്കിൽ ആവശ്യത്തിനും അനാവശ്യത്തിനും , അപരിചിതരെ നോക്കി ഭംഗിയായി പുഞ്ചിരിക്കുന്നതിൽ അവൾ മിടുക്കിയാണ്. വേണമെങ്കിൽ തമാശ പറയാനും .....
ഇവിടെ ഇവിടെ മാത്രമാണ് , മുഖം താഴ്ത്തി ഇരിക്കാനും , പേര് വിളിക്കുന്നത് വരെ അന്യരുടെ കണ്ണിൽ പെടാതെ , സ്വയം ഒരു കൂട് ഉണ്ടാക്കി അതിൽ ഒളിച്ചിരിക്കാനും തുടങ്ങിയത് .
പിന്നെ പിന്നെ മനസ്സിലായി ...ഇവിടെ വരുന്നവർ എല്ലാവരും തന്നെ അങ്ങനെ ഓരോ കൂടുകളിലാണ് തല കുമ്പിട്ടിരിക്കുന്നത് . പരിചയമുള്ളവർ കാണരുതേ എന്ന ഒരു നിശബ്ദ പ്രാർത്ഥനയോടെ ....
കഴിഞ്ഞ മാസം കൂടെ ജോലി ചെയ്തിരുന്ന പ്രേമിനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ , അവളറിയാതെ തന്നെ പുഞ്ചിരിച്ചു .
പക്ഷേ തന്നെ മുന്നിൽ വന്നു പെട്ടത് തന്നെ അബദ്ധമായെന്ന മട്ടിലുള്ള പ്രേമിന്റെ പെരുമാറ്റം കണ്ടപ്പോളാണ് ഇത് സാധാരണ സ്ഥലമല്ല എന്ന ഓർമ്മ അവളിൽ ഉണർന്നത് .....
അഞ്ചാറു സീറ്റ് ദൂരെ , പ്രേമിൽ നിന്ന് വളരെ അകലെ ആയി ഇരുന്നു, ഫോണിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ , ആ ക്ലിനിക്കിന്റെ കോറിഡോറിൽ അവർ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇല്ലെങ്കിലും ഇവിടെ ഇങ്ങനെ എല്ലാ മാസവും വരുന്നത് അവൾക്ക് ഒട്ടും ഇഷ്ടമുള്ളതായിരുന്നില്ല ...
ഒരിക്കലും , ഒരിക്കൽ പോലും ശപിച്ചു കൊണ്ടല്ലാതെ അവൾ ഈ കോറിഡോറിലേക്ക് കാലെടുത്തു വെച്ചിട്ടില്ല ..
സ്വയം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ എത്താതിരിക്കാൻ മാത്രം .....എല്ലാ മാസവും , ആരെങ്കിലും അവളുടെ പേര് വിളിക്കുന്നതും കാത്തു ഈ നിശ്ശബ്ദമായ കോറിഡോറിലെ , ഏതെങ്കിലും ഒരു നരച്ച നീല കസേരയിൽ അവൾ കാത്തിരിക്കും .
ഒടുവിൽ പേര് വിളിക്കുമ്പോൾ , ഇത്തവണ തന്നെ കാണുന്നത് ആരാണ് എന്ന് പോലും അറിയാതിരിക്കാൻ പണിപ്പെട്ട് , പതിനൊന്നാം നമ്പർ മുറിയിലേക്ക് തല കുനിച്ചു വേഗം നടക്കും .
പിന്നിൽ വാതിൽ അടഞ്ഞു കഴിഞ്ഞാൽ , എന്തിനാണ് ഇവിടെ വന്നതെന്നാവും ചിലപ്പോൾ ആദ്യം ചിന്തിക്കുക ...
പിന്നെ തുറന്നു വെച്ച പച്ച കവറുള്ള തടിച്ച ഫയലിൽ , കുനു കുനെ എഴുതിക്കൊണ്ട് ഏതെങ്കിലും ഡോക്ടർ , ചോദിക്കുമ്പോഴായിരിക്കും , അവൾ ഉത്തരങ്ങൾ തപ്പി എടുക്കുക .
മുറിഞ്ഞു മുറിഞ്ഞു പോകുന്ന ഓർമ്മയിൽ നിന്ന് എന്നൊക്കെ ആയിരുന്നു സാധാരണ ദിവസങ്ങൾ എന്ന് കണ്ടു പിടിക്കാൻ അവൾ വല്ലാതെ പണിപ്പെട്ടു ..
മിക്കപ്പോഴും കള്ളം പറയാനും മടിച്ചില്ല ....അവർ കൃത്യമായി ചോദിക്കുമ്പോൾ പതറി പോവുമെങ്കിലും .....
അടുത്ത മാസത്തേക്കുള്ള കുറിപ്പടിയും , അടുത്ത അപ്പോയ്ന്റ്മെന്റ് ദിവസത്തേക്കുള്ള കാർഡും കൊണ്ട് , ആ കെട്ടിടത്തിൽ നിന്നിറങ്ങുമ്പോൾ , കട്ടികൂടിയ ഒരു പുതപ്പിന്റെ , ശ്വാസം മുട്ടലിൽ നിന്ന് രക്ഷപ്പെടുന്ന പോലെ , അവളുടെ നടത്തം, വേഗത കൂടി ഒരു ചെറിയ ഓട്ടം ആയി മാറിയിരിക്കും .






via Facebook https://ift.tt/2QdE6vq

അഭിപ്രായങ്ങള്‍