വര പോലത്തെ കണ്ണുകൾ
വര പോലത്തെ കണ്ണുകൾ
=======================
രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ, അമ്മയുടെ ഇളം ചൂടുള്ള പുറകുവശത്തേക്ക് ചൊതുങ്ങാൻ തുടങ്ങിയപ്പോളാണ് , ആ പഴയ വരിച്ചില്‍ക്കട്ടിലിൽ 'അമ്മ കിടന്ന ഭാഗം ശൂന്യമായി കുഞ്ഞു കണ്ടത് .
പെട്ടെന്ന് കണ്ണ് മിഴിച്ചപ്പോൾ കണ്ട ഇരുട്ട് കുഞ്ഞിനെ ഒരുപാട് ഭയപ്പെടുത്തി . എന്നാലും 'അമ്മ എവിടെ കാണുമെന്ന് കുഞ്ഞിന് അറിയാമായിരുന്നു .
കട്ടിലിൽ നിന്ന് എഴുന്നേറ്റ് ആ നീല പുതപ്പും മാറ്റി , കുഞ്ഞു ഇടനാഴിയിലേക്കിറങ്ങി . അവിടെന്ന് ഒരു ഉദ്ദേശം വെച്ച് ഏറ്റവും മുന്നിലത്തെ മുറിയിലേക്ക് നടന്നു .
നോക്കിയപ്പോൾ വിളർത്ത ചന്ദ്രന്റെയും , അടുത്ത വീട്ടിനെതിരെയുള്ള തെരുവ് വിളക്കിന്റെയും കൂടിച്ചേർന്ന പ്രകാശത്തിൽ അമ്മയുടെ മുഖം കണ്ടു .
ഇന്നും അച്ഛൻ ഇത് വരെ വന്നിട്ടില്ല . അമ്മ ലൈറ്റ് ഒക്കെ അണച്ച് , നീല കർട്ടനു മുകളിലൂടെ റോഡിലേക്ക് നോക്കി നിൽപ്പാണ് - എന്നത്തേയും പോലെ .
പെട്ടെന്ന് പിറകിലെ ആടുന്ന പെൻഡുലം ഉള്ള ക്ലോക്കിലെ 'ഡിങ്' എന്ന മണിയൊച്ച കുഞ്ഞിനെ പേടിപ്പിച്ചു . ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ 'അമ്മ നോക്കിയത് ഭയന്ന കുഞ്ഞിന്റെ രണ്ടു ഉണ്ട കണ്ണുകളിലായിരുന്നു .
കുഞ്ഞു അമ്മയെ സൂക്ഷിച്ചു നോക്കി . 'അമ്മ ഇന്നും കരഞ്ഞിട്ടുണ്ട് . ഇനി ഞാൻ വരുന്നതിനു മുമ്പേ അമ്മ കരയുക ആയിരുന്നോ ?
അമ്മയുടെ കണ്ണ് നിറയുമ്പോൾ കുഞ്ഞിൻറെ നെഞ്ചിൽ ഭയങ്കര ഒരു വേദനയാണ് . എന്താണെന്ന് പറയാൻ പറ്റാത്ത ഒരു ശ്വാസം മുട്ട് .
അത് കൊണ്ട് കഴിവതും അമ്മയെ കരയിക്കാതിരിക്കാൻ കുഞ്ഞു നോക്കും .
പക്ഷേ കുഞ്ഞല്ല അമ്മയെ കരയിക്കുന്നത് . വേറെ എല്ലാരും ആണ് .
ചിലപ്പോൾ അച്ഛൻ വരാൻ രാത്രി രണ്ട് മണി ഒക്കെ ആകുന്നത് , ചിലപ്പോൾ അടുത്ത വീട്ടിലെ അമ്മൂമ്മ എന്തോ പറയുന്നത് കേട്ടിട്ട് , ചിലപ്പോൾ ചിറ്റയോട് എന്തെങ്കിലും പറഞ്ഞു വഴക്കാകുമ്പോൾ ....ഒക്കെ 'അമ്മ വലിയ ഉച്ചത്തിൽ കരയും ....
കുഞ്ഞിന് അടി കിട്ടുമ്പോൾ കരയുന്നതിനേക്കാൾ ഉച്ചത്തിൽ ....അപ്പോഴാണ് ചെവിയും പൊത്തി കുഞ്ഞു തെക്കേതിലേക്ക് ഓടുക .
അവിടെ പോയി ഇടത്തെ മതിലോരത്തെ ചെമ്പക മരത്തിന്റെ തണലിൽ ഇരുന്നു , പാവാട നിറയെ പൂഴി വാരി നിറയ്ക്കുമ്പോൾ നല്ല തണുപ്പ് തോന്നും .
അപ്പോൾ കുഞ്ഞിന്റെ സങ്കടവും തീരും . ആരും നട്ടുച്ചയ്ക്ക് അങ്ങോട്ട് വരില്ല - കുഞ്ഞൊഴികെ .
അവിടെ എപ്പോഴും നല്ല സുഖം ആണ് . കാക്ക പോലും വരില്ല . എത്ര വെയിലത്തും ആ ഒരൊറ്റ ചെമ്പക മരത്തിന്റെ കീഴിൽ ഇപ്പോഴും തണുത്ത പൂഴി ആണ് .
പെട്ടെന്നാണ് 'അമ്മ കുഞ്ഞിനെ കണ്ടത് . വെപ്രാളത്തിൽ കണ്ണ് തുടച്ചിട്ട് , "മോള് പോയി ഉറങ്ങിക്കോ " എന്ന് പറഞ്ഞു .
കരയുമ്പോൾ അമ്മയുടെ കണ്ണുകൾ വീർത്തു രണ്ട് വരകൾ പോലെ ആകും . ഇപ്പഴും അങ്ങനെ തന്നെ . ഇന്നും അച്ഛൻ വന്നിട്ടുണ്ടാവില്ല .
'അമ്മ എന്തിനാ എന്നും ആ ജനാല കമ്പിയിൽ പിടിച്ചു അച്ഛനെ കാത്തു നിൽക്കുന്നത് ? അച്ഛന് ബൈക്കിൽ തനിയെ വരാൻ അറിയാല്ലോ ? അമ്മയുടെ വിചാരം കാത്തു നിന്നാൽ , അച്ഛൻ വേഗം വരുമെന്നായിരിക്കും .
സന്ധ്യ വരെ 'അമ്മ ഗേറ്റിന് മുൻവശത്തെ തിട്ടയിലാണ് അച്ഛനെയും കാത്തു നിൽക്കുക .
സുഭദ്രയും , കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോയി കഴിയുമ്പോൾ, ചിറ്റ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ടാകും . എന്നാലും ചിലപ്പോൾ കുറച്ചു നേരം കൂടെ 'അമ്മ നിൽക്കും . ദൂരെ ബൈക്കിന്റെ ശബ്ദം വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു ..
ഇന്ന് ഒരുപാട് രാത്രി ആയെന്ന് തോന്നുന്നു . ഈ അച്ഛൻ എന്താ എപ്പഴും ഇത്രയ്ക്ക് താമസിക്കുന്നത് ?
ചോദിച്ചാൽ 'അമ്മ ഒന്നും പറയില്ല . അച്ഛനോട് ചോദിയ്ക്കാൻ കുഞ്ഞിന് പേടിയാണ് .
കഴിഞ്ഞ ദിവസം പഴയ ഫയലുകൾ എടുത്ത് കത്തിച്ചു കളയണം എന്ന് പറഞ്ഞപ്പോൾ , അടി കിട്ടിയ കവിളിലെ പാട് ഇപ്പഴും ഉണ്ട് .
പിന്നെ അച്ഛന്റെ ആ സ്വർണ്ണ നിറമുള്ള പേന എടുത്തതിനും . കുഞ്ഞിന് സ്‌കൂളിൽ പെൻസിൽ തന്നെയാണ് . പക്ഷെ എ സ്വർണ പേന കണ്ടപ്പോൾ ഒരു കൊതി വന്ന് ഒന്ന് എഴുതി നോക്കിയപ്പോഴാണ്, അച്ഛന്റെ കൈയ്യിൽ നിന്നും അടി കിട്ടിയത് . ഭയങ്കര വിലയുള്ള പേന ആണെന്ന് .
പെട്ടെന്ന് അപ്പൂപ്പന്റെ മുറിയിൽ ലൈറ്റ് വീണു . മുൻവശത്തേക്ക് വന്ന അപ്പൂപ്പൻ കണ്ടത് , ഇരുട്ടത്തു നിൽക്കുന്ന അമ്മയെയും , കുഞ്ഞിനേയും .
"അവൻ ഇങ്ങു വന്നോളും . നീ പോയി ഉറക്കമിളച്ചു നിന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല "
'അമ്മ ഒന്നും മിണ്ടിയില്ല.
"കൊച്ചിനെയും കൊണ്ട് പോയി ഉറക്കിയിട്ട് , നീയും കേറി കിടന്നുറങ്ങു . അവൻ ചിലപ്പോൾ യൂണിയൻകാരുടെ മുറിയിൽ കിടന്നിട്ട് , നാളെയേ വരുള്ളൂ . കൊച്ചിന് സ്‌കൂളിൽ പോണ്ടേ ? നീ ഇങ്ങനെ നിന്നാൽ എങ്ങനെയാണ് ?"
'അമ്മ ഒന്നും കേൾക്കാത്ത മട്ടിൽ നിൽക്കുകയാണ് .
അപ്പൂപ്പൻ വന്ന് കുഞ്ഞിനെ എടുത്തു .
"അപ്പൂപ്പൻ കുഞ്ഞിന് പാണ്ഡവരുടെ കഥ പറഞ്ഞു തരാം . " എന്നും പറഞ്ഞു അപ്പൂപ്പന്റെ മുറിയിലെ കട്ടിലിൽ കൊണ്ട് വന്നു കിടത്തി .
അപ്പൂപ്പന്റെ കഥ , റോഡിലൂടെ , ഗേറ്റും കടന്ന് , ജനലിലൂടെ അകത്തു വന്നിട്ടും .....അന്ന് രാത്രി മുഴുവൻ വരാത്ത അച്ഛനെ കാത്തു നിൽക്കുന്ന അമ്മയുടെ, വരകൾ പോലെയായ കണ്ണുകൾ ആയിരുന്നു , കുഞ്ഞിന്റെ മനസ്സിൽ .
അഭിപ്രായങ്ങള്‍