ഇവിടെ എല്ലാർക്കും സുഖമാണ്
എന്തൊരു കടുത്ത തലവേദന ... മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട് ...ഇനി രാത്രിയിലേക്ക് ചോറും , സാമ്പാറും , മീനും വെയ്ക്കണം . സാമ്പാർ ഭർത്താവിന് . മീൻ മക്കൾക്കും , പിന്നെ ഒരു ചെറുപയറ് തോരനും .
എന്നും രാവിലെ 'അമ്മ ഫോൺ വിളിക്കും . സുഖമാണോ എന്ന് ചോദിയ്ക്കാൻ. ആണെങ്കിലും , ഇല്ലെങ്കിലും അതേ , എന്ന് തന്നെ പറയും . ഇവിടെ ഈ ഒറ്റപ്പെട്ട നഗരത്തിൽ ഇരുന്ന് അവരെ കൂടി എന്തിന് , എന്നെ പറ്റി ആലോചിച്ചു ബുദ്ധിമുട്ടിക്കണം ..
ഭാര്യമാർ അവരുടെ അമ്മമാരോട് മണിക്കൂറുകളോളം സംസാരിച്ചു പൈസ കളയുന്നു എന്ന , സഹപ്രവർത്തകരുടെ പരാതി കേൾക്കുമ്പോൾ കൊതി വരും . ഞാനും അമ്മയും തമ്മിലുള്ള സംസാരം , രണ്ടു മിനിറ്റിൽ കൂടുതൽ നിൽക്കാറില്ല .
കീർത്തി ആലോചിച്ചു . എപ്പോഴെങ്കിലും , ഒരിക്കലെങ്കിലും അമ്മയോട് കൂടുതൽ സംസാരിച്ചിട്ടുണ്ടോ ? ചെറുപ്പത്തിൽ കഴിക്കാനുള്ള ഭക്ഷണവും എടുത്ത് , മുകളിലെ കിടപ്പുമുറിയിലേക്ക് പോയി , പുസ്തകങ്ങളുടെ ഇടയിൽ ഇരുന്നു കഴിക്കുന്നതായിരുന്നു ഇഷ്ടം .
അച്ഛൻ ഒരു സമയത്തു വന്ന് കഴിക്കും . 'അമ്മ , അവൾ പോലും അറിയാത്ത ഏതോ ഒരു സമയത്തു , താനും ഒരു സമയത്തു .
തേക്ക് കൊണ്ടുള്ള കാലുകളും ഗ്ലാസ്സു കൊണ്ടുള്ള മേൽമൂടിയും , കൊണ്ട് നിർമ്മിച്ച ആ തീൻമേശയിൽ ഒരിക്കലും മൂവരും ഒന്നിച്ചു കഴിച്ചിരുന്നില്ല .
പിന്നെ എന്തിനാണാവോ അത് ഉണ്ടാക്കിയത് ?
ആ മേശ മുഴുവൻ മരുന്ന് പാട്ടകളും , പത്രങ്ങളും , വാരികകളും മാത്രം കൈയ്യടക്കി വെച്ചിരുന്നു .
ആ വീട്ടിൽ അവർ എത്ര തനിച്ചായിരിക്കും . സംസാരിക്കാൻ ആഗ്രഹിച്ചാലും , എന്തോ ഒന്ന് തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നത് പോലെ ... ഒടുവില നൂറു തവണ ആലോചിച്ച ശേഷം, ആ സംസാരം ഒഴിവാക്കാറാണ് പതിവ് .
അവരെ ഒറ്റപ്പെടുത്തരുതേ എന്നൊരു പ്രാർത്ഥന ഇപ്പോഴും ഉണ്ട് . ഒരാൾക്ക് ഒരാൾ താങ്ങായി എന്നും കാണണേ , എന്നാണ് കീർത്തി ഇപ്പോൾ പ്രാർഥിച്ചു തുടങ്ങിയിരിക്കുന്നത് .
അന്യ നഗരത്തിൽ വളരുന്ന പേരക്കുട്ടികൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആണ് അവർ എപ്പോഴും . ബാല്യത്തിന്റെ നിഷ്കളങ്കത മായും തോറും , അവർക്ക് സ്വന്തം നാട് ഒരു ‘ഹോളിഡേ സ്പോട്ട് ‘ ആയി മാത്രം മാറുന്നത് കാണുമ്പോൾ ....... മൂന്നു വയസ്സുകാരിയോട് , അമ്മൂമ്മ വയ്യാതെ കിടക്കുമ്പോൾ നോക്കുമോ എന്ന് പ്രതീക്ഷയോടെ ചോദിക്കുന്നത് കേൾക്കുമ്പോൾ , കീർത്തിക്ക് കുറ്റബോധം തോന്നാറുണ്ട് ...
താൻ അവരിലേക്ക് മടങ്ങി വരില്ലെന്ന് , അവർക്ക് ഉറപ്പായ മട്ടിലാണ് ചോദിക്കുന്നത് . അവൾ ഒന്നും മിണ്ടാറില്ല .
വീടുകൾ താമസിക്കാൻ ഉള്ളതാണ് - ജനിച്ചു വളർന്ന വീടുകൾ ഒഴിച്ചു ബാക്കി ഒന്നിനോടും മമത ആവശ്യമില്ല .ഒടുവിൽ ആ വീടും , വേറൊരാളുടേതാകുമ്പോൾ , പോലും ആ മമത ഉപേക്ഷിക്കാൻ പറ്റാത്തത് ആണ് വേറൊരു ദുഃഖം .
എന്ത് അവകാശം ആണ് ? പിച്ച വെച്ച കാലുകൾ , എടുത്തു കൊണ്ട് നടന്ന ആളുകൾ , ചോറുരുട്ടി തന്ന വിരലുകൾ - എല്ലാം അപ്രത്യക്ഷമായി ....
എന്നിട്ടും ....
അഭിപ്രായങ്ങള്‍