ഹിമകണങ്ങൾ പോലെ... ======================== ഇന്ന് രാവിലെ ഹേമയുടെ അമ്മയാണ് വിളിച്ചു പറഞ്ഞത് , അമ്മയുടെ അനിയത്തിക്ക് ഒരു മൈൽഡ് ഹാർട്ട് അറ്റാക്ക് . അമ്മയേക്കാൾ രണ്ട് വയസ്സിനിളപ്പം . ഫോൺ എടുത്തു 'അമ്മ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് വിറച്ചു . ഹേമ ജനിച്ചു , അപ്പൂപ്പൻ മരിക്കുന്നത് വരെ താമസിച്ചത് അമ്മയുടെ കുടുംബ വീട്ടിൽ ആയിരുന്നു . അമ്മയെ ഓർമ്മ ഉള്ളത് പോലെ തന്നെയാണ് തനിക്ക് കുഞ്ഞമ്മയെയും, പിന്നെ മാമനെയും . ആദ്യമായിട്ട് മരണ ഭീതി വന്നത് , ഹേമയ്ക്ക് ആ ഫോണിന് ശേഷം ആണ് . അതും തന്നെ പറ്റി ഓർത്തല്ല . നാട്ടിൽ ഒറ്റയ്ക്കുളള അമ്മയെയും അച്ഛനെയും പറ്റി, അപ്പോഴാണ് വെള്ളിടി പോലെ ഒരു കറുത്ത ഭയം വന്നു ഹേമയെ മൂടിയത് . അമ്മ പിന്നെയും തുടർന്നു . കംപ്ലീറ്റ് ബെഡ് റസ്റ്റ് ഡോക്ടർ , പറഞ്ഞിരിക്കുന്ന കുഞ്ഞമ്മയുടെ കൂടെ മകൾ ലീവ് എടുത്തു നിൽക്കുന്നു , ശുശ്രൂഷിക്കുന്നു . ആഞ്ജിയോ , ബ്ലോക്ക് എന്നിങ്ങനെ കുറെ വാക്കുകൾ അവളുടെ ചെവിയിൽ കൂടി കയറി ഇറങ്ങി . അമ്മ എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും ഹേമ , മറ്റെവിടെയോ ആയിരുന്നു . അടുത്ത മാസം നാട്ടിൽ ഒന്ന് പോകണം എന്ന് വെറുതെ കരുതി ഇരുന്നതായിരുന്നു . ഭർത്താവിൻറെ ജോലി കാരണം ഒറ്റയ്ക്ക് പോകാമെന്ന തീരുമാനത്തിലും . എങ്കിലും ഒരു മകളെങ്കിലും കൂടെ കൂട്ട് വരുമെന്ന് കരുതി. മൂത്തവളോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം അവളെ ഞെട്ടിച്ചു . സ്‌കൂൾ മുടക്കം വരുത്താതെ ,ഏറിയാൽ മൂന്ന് ദിവസം മതി പോയി, തിരികെ ഇങ്ങു വരാൻ എന്ന് കരുതി , അവളെ വിളിച്ചപ്പോൾ എടുത്തടിച്ച പോലെ , പത്തു വയസ്സ്കാരിയുടെ മറുപടി , "I will never come to India again. Not even for two days." തനിക്ക് കൂട്ടിനെങ്കിലും അവൾ വരും എന്ന് കരുതിയ ഹേമ , പിന്നീട് അച്ഛന്റെ ഫോൺ കേട്ടപ്പോൾ ആണ് ഞെട്ടി ഉണർന്നത്. കഴിഞ്ഞ ലീവിന് വന്നപ്പോൾ താൻ തന്നെ ചീത്തയാക്കിയ കാറിന്റെ ,പവർ വിന്ഡോ സ്വിച്ച്, വാങ്ങി അയച്ചിട്ടുണ്ടെന്ന് , പറഞ്ഞപ്പോൾ കിട്ടിയ മറുപടി , അവളെ പിന്നെയും ഞെട്ടിച്ചു . "ഏതായാലും ഇത്തവണ ഞാൻ പോയി വാങ്ങിച്ചോളാം . മേലാൽ ഇനി ഒന്നും വാങ്ങി അയക്കരുത് ". കാര്യം എന്താണ് എന്ന് മനസ്സിലാവാത്ത ഹേമ , തനിക്ക് ഇന്ന് എന്താണ് സംഭവിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചു . എല്ലാം കൂടി ഒരു ദിവസം , ഒരുമിച്ചു കേട്ടതിന്റെ തിരിച്ചടി എന്നോണം തലയിൽ കൂടി എന്തൊക്കെയോ പറന്നും ഇഴഞ്ഞും ഒക്കെ നടക്കുന്നത് പോലെ അവൾക്ക് തോന്നി . പിന്നെ ,ഒന്നും ഓർക്കാതിരിക്കാൻ , ഇടതടവില്ലാതെ അവൾ വീട്ടു ജോലി ചെയ്തുകൊണ്ടിരുന്നു . സാമ്പാർ , അതിനു ശേഷം തോരൻ , അന്നത്തേക്കും പിറ്റന്നത്തേക്കും വേണ്ടിയുള്ള ചോറ് , അന്നത്തേക്കും, പിറ്റന്നത്തേക്കും വറുക്കാനുള്ള മീൻ - എല്ലാം പ്രത്യേകം പ്രത്യേകം പാത്രങ്ങളിലാക്കി , പിന്നീട് ഉണ്ടാക്കിയ പാത്രങ്ങളെല്ലാം കഴുകി വെച്ചതിന് ശേഷം അടുക്കളയും വൃത്തിയാക്കി കഴിഞ്ഞപ്പോൾ നാല് മണി . അത് വരെ വെള്ളം പോലും കുടിക്കാതിരുന്ന അവൾക്ക് വിശപ്പ് കെട്ടിരുന്നു . പിന്നെയാണ് ഹേമ കുഞ്ഞമ്മയെ വിളിച്ചു സംസാരിച്ചത് . രണ്ടാഴ്ച്ച അനങ്ങാൻ പാടില്ലെന്നാണത്രേ . കൊച്ചച്ചനാകട്ടെ, ഒരു മൈൽഡ് അറ്റാക്കിന്റെ കൂടെ , ഒരു കിഡ്‌നിയിൽ ജീവിക്കുന്ന എൺപത്കാരൻ . കുറച്ചു നേരത്തേക്ക് ഹേമയ്ക്ക് തൻ്റെ ബുദ്ധിക്ക് എന്തെങ്കിലും മാന്ദ്യം പറ്റിയോ എന്ന് തോന്നി . എട്ടു വയസ്സ് വരെ അവളെ കുഞ്ഞമ്മ കുളിപ്പിച്ചിരുന്നു, ഭക്ഷണം തന്നിരുന്നു . കൊച്ചച്ചൻ, തൻ്റെ കല്യാണത്തിന് മുമ്പ് വരെയും അവൾക്ക് ഊഞ്ഞാൽ കെട്ടി കൊടുത്തിരുന്നു . പണ്ട് ടിവിയിലൊക്കെ മഹാഭാരതം വന്ന സമയത്തു അവൾ അഞ്ചാം ക്‌ളാസിൽ ആണ് . ആ സമയത്താണ് കൊച്ചച്ചൻ ആദ്യമായി തനിക്ക് ഒരു ഇൻസ്ട്രുമെന്റ് ബോക്സ് ഗൾഫിൽ നിന്ന് കൊണ്ട് വരുന്നത് . കൂട്ടുകാരെല്ലാവരും. camel ന്റെ സ്റ്റീൽ ഇൻസ്ട്രുമെന്റ് ബോക്സ് ഉപയോഗിച്ചപ്പോൾ, അവൾ മാത്രം കറുത്ത നിറമുള്ള ആകെ ഗൾഫ്മയമായ ആ ബോക്സുമായി വിലസി . അതിലെ കോമ്പസ്സിന് സാധാരണ പോലെ പെന്സിൽ കഷ്ണം വേണ്ടായിരുന്നു . പെൻസിലിന്റെ മുന മാത്രം മതി . അതിനു വേണ്ടി ഒരു കൂടു പെന്സിൽ മുനകൾ മാത്രം വേറെയും ഉണ്ടായിരുന്നു. 'ഐ ലവ് യൂ ' എന്നെഴുതിയ കറുത്ത സ്കെയിൽ ആയിരുന്നു ഹൈലൈറ്റ് . കൊച്ചച്ചൻ ഗൾഫിൽ നിന്ന് വരുമ്പോൾ ഉള്ള ആ മണം അവളുടെ ഉള്ളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു . നാൽപ്പത് വർഷങ്ങൾക്ക് മുമ്പേ ഫെയർ ആൻഡ് ലവ്ലി കാണുന്നതും , ക്രീം 21 എന്ന വലിയ ഓറഞ്ച് നിറമുള്ള പ്ലാസ്റ്റിക് പാട്ടകളും , ഒരുപാട് ഫോറിൻ സാരികളും , കൊച്ചച്ചന്റെ പെട്ടിയിൽ ഉണ്ടായിരുന്നു. സ്വർണ്ണ നിറമുള്ള മുടിയും നീല കണ്ണുകളും ഉള്ള 'അമ്മ പാവയും, കുഞ്ഞു പാവയും , അവരുടെ പാട്ടും - അത് അവൾക്ക് കിട്ടിയില്ല . കണ്ടു കൊതിച്ചു , ഒരുപാട് നാൾ ... അങ്ങനെ ...അങ്ങനെ ...എത്രയോ കുഞ്ഞു കൊതികൾ . ആണോ പെണ്ണോ എന്നറിയാത്ത ഒരു ചുവന്ന റബ്ബർ പാവ മാത്രം ഉണ്ടായിരുന്ന അവൾക്ക് , അവസാനം സ്വന്തം ശമ്പളം കൊണ്ട് , ഇഷ്ടപെട്ട പാവകളൊക്കെ വാങ്ങിയപ്പോൾ അതിനോടുള്ള കമ്പവും തീർന്നിരുന്നു . ഇന്ന് കാലം ഒരുപാട് മാറി . സ്വന്തമായി ഒന്നും വേണ്ട എന്ന അവസ്ഥയിലായി ഹേമ .... എന്നിട്ടും ...എന്നിട്ടും ...ബാല്യത്തിലെ രക്ഷകർത്താക്കൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ , അവൾക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു ......... മറുപടികളില്ലാത്ത ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് , അവൾ കണ്ണും അടച്ചു കിടന്നു . ഒന്നും , ഒന്നും ഓർമ്മ വരരുത് എന്ന് അവൾക്ക് നിർബന്ധമായിരുന്നു ...

via Facebook https://ift.tt/2Sgd5oE
അഭിപ്രായങ്ങള്‍